08:30am 10 November 2026
NEWS
ഔദ്യോ​ഗിക പരിപാടികളിൽ ത്രിവർണ പതാക മാത്രമേ പാടുള്ളൂ എന്ന് ​ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ കത്ത്
27/06/2025  06:24 PM IST
nila
ഔദ്യോ​ഗിക പരിപാടികളിൽ ത്രിവർണ പതാക മാത്രമേ പാടുള്ളൂ എന്ന് ​ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ കത്ത്

രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ. ​ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഔദ്യോകിക പരിപാടികളിൽ ത്രിവർണ പതാക മാത്രമേ പാടുള്ളൂ എന്നും കത്തിൽ വ്യക്തമാക്കുന്നു. കാവി പതാകയേന്തിയ ഭാരതാംബയോടുള്ള എതിർപ്പിന്റെ കാരണവും സംസ്ഥാന സർക്കാർ കത്തിൽ വിശദീകരിക്കുന്നുണ്ട്. 

ഔദ്യോഗികമായ പൊതുപരിപാടിയിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണമെന്നും ഇതുസംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകണമെന്നും സർക്കാർ അറിയിച്ചു.

1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് കത്തിൽ സർക്കാരിന്റെ വിശദീകരണം. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകൾ ദേശീയപതാക രൂപകല്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന സർക്കാർ കത്തിൽ പറയുന്നു. വിഷയത്തിൽ എതിർപ്പറിയിച്ച് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടിക്കെതിരേ ഗവർണർ കത്തയച്ചിരുന്നു. തുടർന്നാണ് സർക്കാർ ഗവർണർക്ക് കത്തുനൽകിയത്. ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനിൽ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ചുള്ളതാണ് കത്ത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img